തലശ്ശേരി: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവ വേദിയായ മുബാറക്ക എച്ച്.എസ്.എസില്‍ എത്തിയവര്‍ക്ക് കഞ്ഞി വിതരണം ചെയ്ത് അധ്യാപകന്‍ മാതൃകയായി. മുബാറക്കിലെ യു.പി വിഭാഗം ഹിസ്റ്ററി അധ്യാപകനായ ഹുസൈന്‍ മണിമലയാണ് ശാസ്‌ത്രോത്സവത്തില്‍ ഭാഗവാക്കാവാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും സൗജന്യമായി കഞ്ഞി വിതരണം ചെയ്തത്. ഉമ നെല്ലിന്റെ തവിടുകളയാത്ത അരിയാണ് കഞ്ഞിക്കായി ഹുസൈന്‍മാസ്റ്റര്‍ ഉപയോഗിച്ചത്. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ മണിമല സ്വദേശിയായ ഹുസൈന്‍ ഒരു നല്ല കര്‍ഷകന്‍ കൂടിയാണ്. ഭൂമി പാട്ടത്തിനെടുത്താണ് അവധി ദിനങ്ങളില്‍ കൃഷിയിലിറങ്ങുന്നത്. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയതില്‍ നിന്നുമാമ് 10 കിലോ അരി കഞ്ഞിക്കായി ശാസ്‌ത്രോത്സവ അങ്കണത്തില്‍ ഹുസൈന്‍ എത്തിച്ചത്. ക്ഷീണിച്ചു വന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഹുസൈനിന്റെ കഞ്ഞി വലിയ തുണയായി. കൂടാതെ മുബാറക്ക് സ്‌കൂളിലും വിദ്യാര്‍ഥികളെ കൃഷിയിലെ ആകര്‍ഷിക്കാന്‍ ഹുസൈന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നുമുണ്ട്. ആദ്യമായാണ് ശാസ്‌ത്രോത്സവ വേദിയില്‍ കഞ്ഞിവിതരണം നടത്താന്‍ കഴിഞ്ഞതെന്നു ഹുസൈന്‍ മണിമല പറഞ്ഞു.