സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി 6 മാസം പരിശീലനം നൽകും
കോഴിക്കോട്:2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി സർക്കാർ നേതൃത്വം നൽകുന്ന ‘വൺ മില്ല്യൺ ഗോൾ – ക്യാമ്പയിൻ 2022’ പ്രചരണ പരിപാടിക്ക് നവംബർ 11 മുതൽ തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്‌ബോൾ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ജില്ലയിൽ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബർ 20 വരെ ഓരോ കേന്ദ്രത്തിലായി 10 നും 12 നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് 1 മണിക്കൂർ വീതം ഫുട്‌ബോളിൽ പ്രാഥമിക പരിശീലനം നൽകുന്നതാണ് പദ്ധതി. ഒരു കേന്ദ്രത്തിലേക്ക് 2 ബോളും 3000 രൂപയും പദ്ധതി പ്രകാരം നൽകും. ഒരു പരിശീലകനും ഉണ്ടാകും. സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്‌പോർട്‌സ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളിൽ ഫുട്‌ബോൾ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും സംസ്ഥാനത്തെ കായിക മേഖലയെ അഭിവൃദ്ധിപ്പെടുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി 6 മാസം പരിശീലനം നൽകും. പരിപാടിയുടെ ഭാഗമായി say no to drugs എന്ന ലഹരി വിരുദ്ധ പ്രചരണവും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2722593, 9947821472 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.