ഭരണഭാഷാ വാരാഘോഷം കഥാ – കവിത അരങ്ങ് ‘ഋ’ ശ്രദ്ധേയമായി

ഭരണഭാഷാ വാരാഘോഷം കഥാ – കവിത അരങ്ങ് ‘ഋ’ ശ്രദ്ധേയമായി

കോഴിക്കോട്:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കഥാ – കവിത അരങ്ങ് ‘ഋ’ ശ്രദ്ധേയമായി. ‘ഋ’ എന്ന അക്ഷരം മണലിൽ എഴുതികൊണ്ട് പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. മാതൃഭാഷയോളം മാധുര്യം മറ്റൊരു ഭാഷയ്ക്കുമില്ലെന്നും ഭൂമിയിലെ ഏറ്റവും വലിയ ഭാഷയാണ് മാതൃഭാഷയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കൽപ്പറ്റ നാരായണൻ പറഞ്ഞു. ഇരുട്ടിനെ തടയാൻ മനുഷ്യനെ തുണച്ചത് ഭാഷയാണ്. ഏറ്റവും ശക്തവും സമ്പന്നവും സ്വാധീനം ചെലുത്താനാവുന്നതുമായ ഭാഷയാണ് മാതൃഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. അനശ്വരങ്ങളായ വാക്യങ്ങൾ രൂപപ്പെടുന്നത് കഥയിലൂടെയും കവിതയിലൂടെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത കഥാകൃത്തുക്കളായ കെ. ഉണ്ണികൃഷ്ണൻ, വി.പി ഏലിയാസ് എന്നിവർ മലയാള ഭാഷയെ കുറിച്ച് സംസാരിച്ചുകൊണ്ട് കഥാ -കവിത അരങ്ങിനു നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ,എഴുത്തുകൂട്ടം കൂട്ടായ്മയിലെ യുവകവികൾ എന്നിവർ കവിയരങ്ങിൽ സ്വന്തം കവിതകൾ അവതരിപ്പിച്ചു. എഴുത്തുകൂട്ടത്തിലെ സാഹിത്യകാരന്മാർ കഥാ അരങ്ങും നടത്തി. പൊതു ചർച്ചക്ക് എഴുത്തു കൂട്ടായ്മയിലെ ബാലു പൂക്കാട് നേതൃത്വം നൽകി. കോഴിക്കോട് മൊയ്തു മൗലവി സ്മാരകത്തിൽ നടന്ന പരിപാടിയിൽ എ ഡി എം മുഹമ്മദ് റഫീഖ് സി. അധ്യക്ഷനായിരുന്നു.
ചടങ്ങിൽ ആഫ്റ്റർ കെയർ ഹോമിലെ പെൺകുട്ടികൾക്ക് വേണ്ടി സജ്ജീകരിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് തുടക്കം കുറിച്ചു. എഴുത്തുകാരി ആരിഫ, എ ഡി എം മുഹമ്മദ് റഫീഖിന് പുസ്തകങ്ങൾ നൽകി കൊണ്ടാണ് ബുക്ക് ഡ്രൈവിന് തുടക്കമിട്ടത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ. കെ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യാ മത്തായി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *