കോഴിക്കോട്: സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ജില്ലയിലെ നൂറോളം വരുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായത് പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് 29ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
മിഠായി പദ്ധതി ഉള്‍പ്പെടെ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പാളിയെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങളില്‍ ഇത്തരം കുട്ടികളെ പരിചരിക്കാന്‍ ആളില്ലാത്തതാണ് ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് ബുദ്ധിമുട്ടായത്. ഒരു ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവരുടെ ശരീരത്തിലെ പ്രമേഹ അളവ് വലിയ തോതില്‍ മാറിമറിയും. അതിനാല്‍ കുട്ടികളുടെ കൈകളില്‍ ആറ് മുതല്‍ 10 തവണ വരെ കുത്തി ഓരോദിവസവും പ്രമേഹം പരിശോധിക്കണം. പ്രമേഹം പരിശോധിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങിയിട്ടില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.