കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുവാനുള്ള പ്രവര്‍ത്തിക്ക് അടുത്തവര്‍ഷം തുടക്കം കുറിക്കുമെന്ന് റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. 2024-ല്‍ ഇതിന്റെ പണി പൂര്‍ത്തീകരിക്കും. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എയര്‍പോര്‍ട്ടിന്റെ സമാനമായ സൗകര്യങ്ങളായിരിക്കും ഇതോടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലും ഉണ്ടാകുക. ബംഗളൂരുവിലെ ബെഹനഹള്ളിയിലെ ഇത്തരത്തെ ആദ്യ സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞു. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ നവീകരണത്തിനായി തിരുവനന്തപുരം, ചെങ്ങന്നൂര്‍, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകളാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ പ്രവൃത്തി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുവാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ഒരു സ്റ്റേഷന് 350 കോടി രൂപ വരെ വികസനത്തിനായി അനുവദിക്കും. ഇതോടുകൂടി കോഴിക്കേട് റെയില്‍വേ സ്റ്റേഷനില്‍ പിറ്റ്‌ലൈന്‍ വന്നാല്‍ ഇവിടെ നിന്നു തന്നെ പുതിയ ട്രെയിനുകളുടെ ഓപ്പറേഷന്‍ തുടങ്ങുവാന്‍ സാധിക്കും ഇത് കോഴിക്കോടിനും പ്രത്യേകിച്ച് മലബാറിനും കൂടുതല്‍ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
60 വയസ്സു കഴിഞ്ഞവര്‍ക്കുള്ള റെയില്‍വെ യാത്രാ ഇളവ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വെ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഉടനെ ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍-യശ്വന്ത്പൂര്‍ , കോയമ്പത്തൂര്‍ -ബംഗളൂരു ഡബിള്‍ ഡെക്കര്‍ , കുര്‍ള- ബംഗളൂരു ട്രെയിനുകള്‍ കോഴിക്കോട് വരെ നീട്ടുന്നതാലോചിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ എല്ലാ ബോഗികളും പുതിയ എല്‍. എച്ച്.ഡി ബോഗികളാക്കും. നിലമ്പൂര്‍- നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുണ്ടായാല്‍ നവീകരിക്കും. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി എടുക്കും. മെഡിക്കല്‍ കോളേജിലെ റിസര്‍വേഷന്‍ കൗണ്ടറിന് സംസ്ഥാന സര്‍ക്കാര്‍ മുറി നല്‍കുകയാണെങ്കില്‍, അത് നിലനിര്‍ത്തുവാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ചേംബര്‍ മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ചേംബറിന്റെ നിവേദനം മുന്‍ പ്രസിഡന്റ് ഐപ്പ് തോമസ് കൈമാറി. ടി.പി അഹമ്മദ് കോയ ഉപഹാരം നല്‍കി. മുന്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, എം.മുസമ്മില്‍ , ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറര്‍ ബോബിഷ് കുന്നത്ത്‌നന്ദിയും പറഞ്ഞു.