41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

രവി കൊമ്മേരി

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. വായിക്കാനും വളരുവാനും അറിവിന്റെ ലോകത്ത് പാറിപ്പറക്കുവാനും ഇനി പന്ത്രണ്ട് നാള്‍. വര്‍ണ്ണ ഭേദങ്ങളില്ല, ഭാഷാവ്യത്യാസങ്ങളില്ല, ഒരു രാജ്യങ്ങളുടേയും അതിര്‍വരമ്പുകളില്ല, ആടിയും പാടിയും കണ്ടറിഞ്ഞും, കേട്ടറിഞ്ഞും വായിച്ചറിഞ്ഞും, ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള കൗതുകങ്ങളുടെ മായാലോകമാണ് ആളുകള്‍ക്ക് ഒരുക്കുന്നത്.
ഇന്ന് മുതല്‍ 13 വരെ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ലോകത്തിലെ നൂറ് കണക്കിന് പ്രഗത്ഭരായ പ്രസാധകരും എഴുത്തുകാരും പങ്കെടുക്കുന്നതോടൊപ്പം, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പല പ്രമുഖരായ വ്യക്തിത്വങ്ങളും എത്തിച്ചേരുന്നതാണെന്ന് അതോറിറ്റി ചെയര്‍മാന്‍ എച്ച്.ഇ അഹമ്മദ് ബിന്‍ റക്കാഡ് അല്‍ അമേറി പറഞ്ഞു. കൂടാതെ നിരവധി ഭാഷകളിലായി ഒട്ടനവധി പുതിയ പുസ്തകങ്ങളുടെ പ്രകാശന കര്‍മവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ വാക്കുകള്‍ വ്യാപിക്കട്ടെ ‘ എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ടാണ് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തത്. ആശയങ്ങളും ആശയ വിനിമയങ്ങളും അതിര്‍വരമ്പുകള്‍ ഇല്ലാത്ത അക്ഷരങ്ങളുടെ ലോകത്ത് മനുഷ്യ സ്‌നേഹത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയാണ് പുസ്തകോത്സവത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം എട്ട് മണിക്ക് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പുസ്തകമേള ഇന്ന് മുതല്‍ പന്ത്രണ്ട് ദിവസം നിരവധി സംവാദങ്ങളും ചര്‍ച്ചകളും ആഘോഷ പരിപാടികളോടും കൂടി തികച്ചും സൗജന്യ പ്രവേശനത്തിലൂടെ നടത്തപ്പെടുന്നതാണ്. എല്ലാ വര്‍ഷത്തേയും പോലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഈ വര്‍ഷവും ഹാള്‍ നമ്പര്‍ 7 തന്നെയാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളതെന്ന് അധികാരികള്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *