- കുറഞ്ഞ വിലയ്ക്ക് അരി നല്‍കാന്‍ അരിവണ്ടികള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഉള്ള നടപടികള്‍ സംബന്ധിച്ച് സംസ്ഥാന മന്ത്രി സഭാ യോഗം ഇന്നു ചേരും. സപ്ലൈകോ വഴി വിപണിയില്‍ കൂടുതല്‍ ഇടപെടാന്‍ തീരുമാനം വരും. അതിനിടെ കുറഞ്ഞ വിലക്ക് അരി നല്‍കാന്‍ ഭക്ഷ്യ വകുപ്പിന്റെ അരി വണ്ടികള്‍ ഇന്നു വിവിധ ജില്ലകളില്‍ പര്യടനം നടത്തും.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ അരിവില. 20 രൂപയിലേറെയാണ് ഒരു കിലോ അരിയുടെ വിലയില്‍ വന്ന വര്‍ധന. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ട മട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്. അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം ചരിത്രത്തലുണ്ടായിട്ടില്ലന്ന് ഈ രംഗത്തുളളവര്‍ ഒരുപോലെ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിളവെടുപ്പ് വരെ വിലക്കയറ്റം തുടരാനാണ് സാധ്യത.
സംസ്ഥാനത്തെ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാന്‍ ആണ് സര്‍ക്കാര്‍ ഇടപെടല്‍. ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് എട്ട് കിലോ ഗ്രാം അരി പ്രത്യേകമായി 10.90 രൂപ നിരക്കില്‍ നല്‍കും. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.