കോഴിക്കോട്: ‘മണ്ണടുപ്പം’ മണ്ണറിവ് ശില്‍പശാലയും നാട്ടറിവ് പാട്ടുകളും പരിസ്ഥിതികവിതയും കോര്‍ത്തിണക്കി പാട്ടുകൂട്ടം കോഴിക്കോടും ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച കേരളപിറവി ദിനാചരണം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. മണ്ണിനെ എത്ര മാത്രം കരുതലോടെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലായിരുന്നു ‘ മണ്ണടുപ്പം ‘ ശില്‍പശാലയുടെ ക്രമീകരണം. മണ്ണും മരവും കൃഷിയും ആസ്പദമായ ‘നാട്ടറിവ് പാട്ടുകള്‍ ‘ പരിപാടിയുടെ മാറ്റ് കൂട്ടി. പാട്ടുകൂട്ടം കോഴിക്കോടിന്റെ 23ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ മണ്ണറിവ് ശില്‍പശാല തുടര്‍ന്നും ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടക്കും. പരിപാടികള്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ഫോക്ലോര്‍ വകുപ്പ് മേധാവി ഡോ. ഇ.കെ ഗോവിന്ദവര്‍മ്മ രാജ മുഖ്യാതിഥിയായി പങ്കെടുത്തു. മണ്ണുപര്യവേക്ഷണ വകുപ്പിലെ സീനിയര്‍ കെമിസ്റ്റ് രവി മാവിലന്‍ ക്ലാസെടുത്തു. പാട്ടുകൂട്ടം ഡയരക്ടര്‍ ഗിരീഷ് ആമ്പ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവ കവി വിജു വി.രാഘവ് പരിസ്ഥിതി കവിത അവതരിപ്പിച്ചു. ബി.ഇ.എം ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് തോമസ് പി.എ, കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് റഹീന കൊളത്തറ, പാരമ്പര്യ കലാകാരന്‍ കോട്ടക്കല്‍ ഭാസ്‌കരന്‍, ഒ.ബി കുറുപ്പ്, ടി.എം സത്യജിത്, രവി ചാത്തോത്ത്, നൗഷാദ് മാവേലി, ക്ലാസ് പി.ടി.എ ചെയര്‍മാന്‍മാരായ റിലേശ്.ടി, സുരേന്ദ്രന്‍.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാര്‍ഥിനി ദേവനന്ദ മലയാളം ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാട്ടറിവ് പാട്ടുകള്‍ക്ക് സജീവന്‍ കൊയിലാണ്ടി, കോട്ടക്കല്‍ ഭാസ്‌കരന്‍, കുഞ്ഞന്‍ ചേളന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബി.ഇ.എം ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍തോമസ് വര്‍ഗീസ് സ്വാഗതവും ഹെഡ് മിസ്ട്രസ് ജെസി ജോസഫ് നന്ദിയും പറഞ്ഞു.