തിരുവനന്തപുരം: മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് മലയാള ഭാഷാ സമ്മേളനം നടന്നു. കവി പ്രൊഫ.വി.മധുസൂദനന്‍നായര്‍ മുഖ്യാതിഥിയായിരുന്നു. അന്യഭാഷാ പദങ്ങള്‍ക്ക് പരിഭാഷ തേടുമ്പോള്‍ മലയാളത്തനിമയുള്ള പദങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ഭാഷാ സ്‌നേഹികള്‍ ശ്രദ്ധിക്കണമെന്ന് ഭാഷാദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഇംഗ്ലീഷ് മാതൃകകള്‍ സ്വീകരിക്കുമ്പോള്‍ മലയാളത്തിന്റെ സ്വത്വവും അന്തസത്തയും പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്. അന്യഭാഷകളെ ബഹുമാനിക്കുന്നതിനോടൊപ്പം മാതൃഭാഷയെ തെറ്റില്ലാതെ ഉപയോഗിക്കാന്‍ മലയാളികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ജീവനക്കാര്‍ക്ക് ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, അഡ്മിനിസ്റ്റേറ്റീവ് ഓഫീസര്‍ ബി. ശിവദാസ്, ഫിനാന്‍സ് മാനേജര്‍ ദേവരാജന്‍, അസി.മാനേജര്‍ ശ്രീലത, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും പരിപാടികളും നോര്‍ക്ക റൂട്ട്‌സ് ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ ഏഴിന് സമാപനച്ചടങ്ങോടെ വാരാഘോഷങ്ങള്‍ അവസാനിക്കും.