തെരുവത്ത് രാമന്‍ മുഖപ്രസംഗ അവാര്‍ഡ് മാധ്യമം എഡിറ്റര്‍ വി.എം ഇബ്രാഹീമിന്

തെരുവത്ത് രാമന്‍ മുഖപ്രസംഗ അവാര്‍ഡ് മാധ്യമം എഡിറ്റര്‍ വി.എം ഇബ്രാഹീമിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2021 ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡിന് മാധ്യമം എഡിറ്റര്‍ വി.എം ഇബ്രാഹീം അര്‍ഹനായി. 2021 ജൂലൈ ആറിന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘മനുഷ്യത്വം കുരിശേറുമ്പോള്‍’ എന്ന മുഖപ്രസംഗത്തിനാണ് അവാര്‍ഡ്. പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. സുജാതന്‍, പി.എസ് നിര്‍മല എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ മുഖപ്രസംഗം തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്. ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് ഭരണകൂട വേട്ടക്കിരയായ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തെ വിശകലനം ചെയ്യുന്ന മുഖപ്രസംഗമായിരുന്നു ഇത്. വസ്തുതയും വിശകലനവും ഉള്‍കൊള്ളുമ്പോള്‍ തന്നെ വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിയുന്ന എഴുത്താണ് ഈ മുഖപ്രസംഗത്തെ ശ്രദ്ധേയമാക്കുന്നതെന്ന് ജൂറി വിലയിരുത്തി.

2001 ജൂണില്‍ മാധ്യമത്തില്‍ അസി.എക്‌സിക്യൂട്ടീവ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വി.എം ഇബ്രാഹീം മാധ്യമത്തിലും ഗള്‍ഫ് മാധ്യമത്തിലും എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2021 ഏപ്രില്‍ മുതല്‍ പത്രാധിപരായി. ‘ചെകുത്താനും ചൂണ്ടുവിരലും’, ‘തീര്‍ഥാടകന്റെ കനവുകള്‍’ (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം മലപ്പുറം അബ്ദുറഹ്മാന്‍ നഗറിലെ പരേതനായ വി.എം അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകനാണ്. ഫാറൂഖ് കോളജ് ആസാദ് ഭവനില്‍ താമസം. ഭാര്യ: ഹാജറ എ.കെ, മക്കള്‍:റജാ ഖാതൂന്‍, റാജി ഇസ്മാഈല്‍, നാജി ഇസ്ഹാഖ് ജാമാതാവ്: നിയാസ് അഹ്മദ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *