കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതി ജില്ലാതല ഉദ്ഘാടനം

കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതി ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: വിള അധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാധിഷ്ഠിത കൃഷിയിലേക്ക് മാറുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതിയുടെ പരിശീലന പരിപാടി ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കാലാവസ്ഥാ ഘടകങ്ങള്‍, വിലയിലെ ഏറ്റക്കുറച്ചിലുകള്‍, മറ്റു സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുകയും അനുയോജ്യമായ കാര്‍ഷിക ഇടപെടലുകളിലൂടെ കൃഷിയിടത്തില്‍ ലഭ്യമായ വിഭവങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ പരിപാലിച്ച് കൃഷി, മൃഗസംരക്ഷണം, പാലുല്‍പാദനം, മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ തുടങ്ങി എല്ലാ സാധ്യതകളെയും ഈ പദ്ധതി വഴി പ്രയോജനപ്പെടുത്തും.

ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുകയും കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആരംഭത്തില്‍ ഒരു പഞ്ചായത്തില്‍ നിന്ന് 10 പേരെ ഇതിനായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് കൂടുതല്‍ പേരെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരികയും ചെയ്യും. ഓരോ പ്രദേശത്തെയും പ്രത്യേകം പ്രത്യേകം ഇക്കോളജിക്കല്‍ സോണുകളായി തിരിക്കുകയും ആ പ്രദേശത്തിന് അനുയോജ്യമായ കൃഷി രീതികള്‍ അവലംബിക്കുന്നതിന് ആവശ്യമായ പരിശീലനം കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യും. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കുകയും ഉല്‍പ്പന്നത്തിന് മെച്ചപ്പെട്ട വിപണി കണ്ടെത്തുകയും ചെയ്യും. കൃഷി ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും കര്‍ഷകരും ചേര്‍ന്ന് ഉണ്ടാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ചായിരിക്കും ഓരോ പ്രദേശങ്ങളിലും
കൃഷി ഇറക്കുക. ഒരു കൃഷിഭവന്റെ കീഴില്‍ വരുന്ന എല്ലാ കൃഷി കൂട്ടങ്ങളെയും സമഗ്രമായി സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളില്‍ കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപനം എന്ന വിഷയത്തില്‍ കട്ടിപ്പാറ കൃഷി ഓഫീസര്‍ മനോജ് പി.ആര്‍, കോടഞ്ചേരി കൃഷി ഓഫീസര്‍ രമ്യ രാജന്‍ എന്നിവരും മോഡല്‍ ഫാം പ്ലാന്‍ രൂപീകരണം എന്ന വിഷയത്തെക്കുറിച്ച് മൂടാടി കൃഷി ഓഫീസര്‍ കെ.വി നൗഷാദ്, നന്മണ്ട കൃഷി ഓഫീസര്‍ ടി.കെ നസീര്‍ എന്നിവരും ക്ലാസുകള്‍ നയിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ 61 വാര്‍ഡ് കൗണ്‍സിലര്‍ അബൂബക്കര്‍ എസ്.കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ രമാദേവി പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സുധീര്‍ കിഷന്‍ ബി. കെ, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയരക്ടര്‍ നിഷാ പി.ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ആത്മ പ്രോജക്ട് ഡയരക്ടര്‍ അനിത.പി സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ജോജി മറിയം ജോര്‍ജ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *