‘കാടിന്റെ നിറങ്ങള്‍’ പ്രദര്‍ശനവും ഗ്രന്ഥ പ്രകാശനവും ആറിന്

‘കാടിന്റെ നിറങ്ങള്‍’ പ്രദര്‍ശനവും ഗ്രന്ഥ പ്രകാശനവും ആറിന്

മാഹി: പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അസീസ് മാഹിയുടെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി മയ്യഴി പൗരാവലിയും സുഹൃദ്‌സംഘവും ചേര്‍ന്ന് മാഹി മലയാള കലാഗ്രാമത്തില്‍ ആറിന് വൈകിട്ട് ആദര സമര്‍പ്പണം നടത്തുന്നു. ആദരസമര്‍പ്പണത്തിനോടൊപ്പം അസീസ് മാഹിയുടെ തെരഞ്ഞെടുത്ത വനചിത്രങ്ങളുടെ പ്രദര്‍ശനം ‘1100 പാദമുദ്രകള്‍’ കലാഗ്രാമം എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ അന്നേദിവസം വൈകീട്ട് മൂന്ന് മണിക്ക് പത്മശ്രീ ഷാജി.എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം നവംബര്‍ 13 വരെ തുടരും. ഇതോടൊപ്പം ‘കാടിന്റെ നിറങ്ങള്‍’ എന്ന അസീസ് മാഹിയുടെ ഗ്രന്ഥം കോളമിസ്റ്റും പ്രമുഖ നടനുമായ ജോയ് മാത്യുവിന് നല്‍കിക്കൊണ്ട് വിഖ്യാത എഴുത്തുകാരന്‍ എം.മുകുന്ദന്‍ പ്രകാശനം ചെയ്യും. മയ്യഴി എം.എല്‍.എ രമേഷ് പറമ്പത്തിന്റെ അധ്യക്ഷതയില്‍ പത്മശ്രീ ഷാജി.എന്‍ കരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, അസീസ് മാഹിക്ക് മയ്യഴിയുടെ ആദരം സമര്‍പ്പിക്കും.

ഡോ. മ്യൂസ് മേരി മുഖ്യഭാഷണം നടത്തും. കെ.വിശ്വനാഥ് പുസ്തകപരിചയം നിര്‍വഹിക്കും. പ്രദര്‍ശന ദിനങ്ങളില്‍ മലയാള കലാഗ്രാമത്തില്‍ ദിവസവും പ്രഗത്ഭര്‍ സംവദിക്കുന്ന സെമിനാറുകള്‍ ഉണ്ടായിരിക്കും. ഏഴിന്‌ന് രാവിലെ 10.30ന് ‘ആനയമ്മയുടെ ജീവിതം’ എന്ന വിഷയം എച്ച്. ബൈജു (പരിസ്ഥിതി ഗവേഷകന്‍)വും, എട്ടിന് രാവിലെ 10.30ന് ‘കാടും ഞാനും’ എന്ന വിഷയം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറും അവതരിപ്പിക്കും. ഒമ്പതിന് രാവിലെ 10.30ന് ‘എന്റെ ഛായാഗ്രാഹക ജീവിതം’ യാത്രികനും ഫോട്ടോഗ്രാഫറുമായ കെ.ആര്‍ വിനയനും, 10ന് രാവിലെ 10.30 ന് ‘കലയും ഫോട്ടോഗ്രഫിയും’ കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനും ചിത്രകാരനുമായ എബി.എന്‍ ജോസഫും അവതരിപ്പിക്കും.

11ന് രാവിലെ 10.30ന് ‘വനസ്ഥലികള്‍’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന അവാര്‍ഡ് ജേതാവായ വന്യജീവി ഫോട്ടോഗ്രാഫര്‍ ശബരി ജാനകി സംസാരിക്കും. 12ന് ഉച്ചക്ക് രണ്ട് മണിക്ക് ‘ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ അനുഭവങ്ങള്‍’ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജ് പങ്കുവെയ്ക്കും. 13ന് വൈകുന്നേരം നടക്കുന്ന സമാപ പരിപാടിയോടെ പ്രദര്‍ശനത്തിന് തിരശ്ശീല വീഴും. പ്രദര്‍ശനത്തിലെ ഫോട്ടോകള്‍ വാങ്ങാനും ‘ കാടിന്റെ നിറങ്ങള്‍’ പുസ്തകം വിലയിളവോടെ വാങ്ങാനും സൗകര്യമുണ്ടായിരിക്കും. പ്രദര്‍ശന ചിത്രങ്ങള്‍ വില്‍പന നടത്തി ലഭിക്കുന്നതുക തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ കുട്ടികളുടെ വാര്‍ഡിലെ ആതുരര്‍ക്കായി സംഭാവന ചെയ്യുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.വി.കെ വിജയന്‍ , രാജേഷ് വി. ശിവദാസ്, ചാലക്കര പുരുഷു, ബി. ബാലപ്രദീപ്, പി.വി ചന്ദ്രദാസ് സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *