കോഴിക്കോട്: ഭാഷാ സമന്വയ വേദി മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുമായി സഹകരിച്ച് മലയാള ഭാഷാ വാരാചരണ പരിപാടിയുടെ ഭാഗമായി കവി മനസ്സിലെ കേരളം – മലയാളം പരിപാടി സംഘടിപ്പിച്ചു. കേരളീയ സംസ്കാരത്തിന്റേയും പ്രകൃതി ഭംഗിയുടേയും തനിമയും മനോഹാരിതയും മേന്മയും കവിതയ്ക്കു വിഷയമായി സ്വീകരിച്ച കവികള്‍ അവ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും കേരളത്തിന്റെ പച്ചയാം വിരിപ്പ് അപ്രത്യക്ഷമായതായും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ. ആര്‍സു പറഞ്ഞു.
മലയാളത്തിന്റേയും കേരളത്തിന്റേയും അപദാനങ്ങള്‍ വാഴ്ത്തിയ ആശാന് , വള്ളത്തോള്‍, ഉള്ളൂര്‍, പാലാ, അക്കിത്തം, ശ്രീകുമാരന്‍ തമ്പി എന്നീ കവികളുടെ കവിതകള്‍ റിതിക, നക്ഷത്ര, അവന്തിക, ദേവിക, അലീന റഷീദ്, ശിവാനി സതീഷ്, മനു, യദു നന്ദന് എന്നീ വിദ്യാര്‍ഥികള്‍ രാഗതാളലയങ്ങളോടെ ആലപിച്ചു. ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി എം.പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ഡോ. പ്രമോദ് .എന്‍, ഡോ.പി.കെ രാധാമണി, കെ.ജി രഘുനാഥ്, പി.ഐ അജയന്, പ്രൊഫസര്‍ സ്വര്‍ണ്ണ കുമാരി ഇ.കെ, ഡോ.സി. സേതുമാധവന്, പി.ടി രാജലക്ഷ്മി, കെ.എം വേണുഗോപാല്‍, വാരിജാക്ഷന്‍ കെ. സഫിയ നരിമുക്കില്‍, ടി. രാജലക്ഷ്മി, റംഷാദ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സമീന, രഞ്ജന.എന്‍, ജീജ ബാലന്, താലിസ്, മനോജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. പി.ഐ അജയന് സ്വാഗതവും റംഷാദ് നന്ദിയും പറഞ്ഞു.