കണ്ണൂര്‍: എടക്കാട് സാഹിത്യവേദിയുടെ മൂന്നാമത് അശ്രഫ് ആഡൂര്‍ പുരസ്‌കാരത്തിന് ആര്‍. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന നോവല്‍ അര്‍ഹമായി. 15001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വി.എസ് അനില്‍കുമാര്‍, എ.വി പവിത്രന്‍, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി യാണ് 2019, 2020 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാള നോവലുകളില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
സ്ത്രീത്വത്തിന്റെ അമ്പരപ്പുകളും പ്രതിഷേധങ്ങളും ഇടപെടലുകളും ആവിഷ്‌കരിക്കുന്ന രാജശ്രീയുടെ നോവല്‍ വേണ്ടത്ര അടയാളപ്പെടുത്താതെ പോകുന്ന സ്ത്രീകളുടെ വേറൊരു ലോകത്തെ സമര്‍ത്ഥമായി അടയാളപ്പെടുത്തുന്നതായി ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ‘കേള്‍ക്കണമെങ്കില്‍ ഇങ്ങനെയുള്ള ഭാഷ തന്നെ വേണം’ എന്ന എം.എന്‍ വിജയന്റെ വാചകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ശക്തവും രൂക്ഷമായ ഭാഷ യാണ് നോവലിലുള്ളതെന്നും അവര്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ആര്‍. രാജശ്രീ പറശ്ശിനിക്കടവ് സ്വദേശിനിയാണ്. ‘സ്ത്രീ സ്വത്വ നിര്‍മിതി സ്ത്രീരചനകളില്‍ ‘ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആദ്യം സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവന്ന ഈ നോവലിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്‌സാണ്.
അന്തരിച്ച പ്രമുഖ കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം എടക്കാട് സാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഓരോ വര്‍ഷവും വ്യത്യസ്ത സാഹിത്യശാഖകള്‍ക്കാണ് നല്‍കിവരുന്നത്. നേരത്തെ വിനോയ് തോമസ് (കഥാ സമാഹാരം), പ്രദീപ് രാമനാട്ടുകര (കവിതാ സമാഹാരം) എന്നിവരാണ് അവാര്‍ഡ് നേടിയത്. മാര്‍ച്ച് അവസാനത്തില്‍ പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ എടക്കാട് ടൗണില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റിവലില്‍ ആര്‍. രാജശ്രീക്ക് അവാര്‍ഡ് സമര്‍പ്പിക്കും. മുന്‍ വര്‍ഷങ്ങളിലെ സാഹിത്യോത്സവങ്ങളില്‍ സച്ചിദാനന്ദന്‍, എം. മുകുന്ദന്‍ തുടങ്ങിയ എഴുത്തുകാര്‍ സംബന്ധിച്ചിട്ടുണ്ട്.