തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണായകമായ തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് സമീപത്തുള്ള കുളക്കടവിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് പോലിസ് ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലില്‍ വിഷക്കുപ്പി കണ്ടെടുത്തത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പോലിസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് വിഷം ചേര്‍ത്ത കഷായത്തിന്റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.