കോഴിക്കോട്: തെക്കേ ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണപരിശോധനാലാബായ ‘മാറ്റര്‍ ലാബ്’ കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സംരംഭമായ മാറ്റര്‍ ലാബ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിര്‍മാണരംഗം ഉള്‍പ്പെടെ എല്ലാത്തരം വ്യവസായമേഖലകള്‍ക്കും സര്‍ക്കാരിനും വ്യക്തികള്‍ക്കും ആവശ്യമുള്ള പലതരം പരിശോധനകള്‍ ചെയ്യാവുന്ന ലബോറട്ടറി കോഴിക്കോട് തിരുവണ്ണൂര്‍ മിനി ബൈപ്പാസിലാണ്.
രാജ്യത്തിനു മാതൃകയാക്കാവുന്ന പദ്ധതിക്കാണ് ലോകോത്തര നിലവാരത്തിലുള്ള മാറ്റര്‍ ലാബിലൂടെ ഊരാളുങ്കല്‍ സൊസൈറ്റി തുടക്കമിട്ടിരിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതും അതു തടയേണ്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം നിറവേറ്റാത്തതുമാണ് നിര്‍മാണമേഖലയില്‍ ഗുണമേന്മ കുറയാന്‍ കാരണം. അവിടെയാണ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാലം ആഗ്രഹിക്കുന്ന ഒരു പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി മുന്നോട്ടുവന്നിരിക്കുന്നത്. അതിനു സൊസൈറ്റി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
മനുഷ്യര്‍ക്കാണെങ്കിലും നിര്‍മാണസാമഗ്രികള്‍ക്കാണെങ്കിലും ഗുണമേന്മ ഉണ്ടായിരിക്കണം. പൊതുപ്രവര്‍ത്തകരുടെ ഗുണമേന്മ അളക്കുന്ന യന്ത്രം ജനങ്ങളാണ്. എത്ര കൃത്രിമത്വം കാണിച്ചാലും ഓരോ പൊതുപ്രവര്‍ത്തകരുടെയും ഗുണമേന്മ ജനങ്ങള്‍ക്കു ബോധ്യമുണ്ടാവും. അതുപോലെ, നിര്‍മാണപ്രവര്‍ത്തികളുടെ പ്രധാനപ്പെട്ട ഘടകം ഗുണമേന്മ ഉണ്ടായിരിക്കുക എന്നതാണ്. സര്‍ക്കാര്‍ നിര്‍മിതിക്കും സ്വകാര്യ നിര്‍മിതിക്കും ഇത് ബാധകമാണ്.
നിര്‍മിതികള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണമേന്മയെ കുറിച്ചും പരിപാലന കാലാവധിയെ കുറിച്ചും ജനങ്ങള്‍ ബോധമുള്ളവരായാല്‍ നിര്‍മാണഘട്ടത്തില്‍ത്തന്നെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നിര്‍ബന്ധിതരാകും. ഈ പശ്ചാത്തലത്തിലാണ് ഗുണമേന്മ പരിശോധിക്കുന്ന മാറ്റര്‍ ലാബിന്റെ പ്രാധാന്യം വര്‍ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷയായി. മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ മാറ്റര്‍ ലാബിന്റെ ലോഗോ പ്രകാശനം ചെയ്തു. മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ കെ. നിര്‍മ്മല, ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോഴിക്കോട് ബി. സുധ, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. ഉമ്മര്‍ പാണ്ടികശാല, പ്രകാശ് കറുത്തേടത്ത്, എസ്.കെ അബൂബക്കര്‍, ടി.വി. ബാലന്‍, കെ. ലോഹ്യ, അഷറഫ് മണക്കടവ്, മനയത്ത് ചന്ദ്രന്‍, അഡ്വ.വി.കെ. സജീവന്‍, ഹമീദ് മാസ്റ്റര്‍ തുടങ്ങിവര്‍ പങ്കെടുത്തു.