-
ഡോ. ആര്‍സു
ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചത് 1947ല്‍ ആയിരുന്നു. 1950ല്‍ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്നു. 1956ല്‍ സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നു. പ്രധാനമായും ഭാഷാടിസ്ഥാനത്തിലായിരുന്നു വിഭജനം. നാട്ടിലെ എല്ലാ ഭാഷകളും പുഷ്ടിപ്പെടണമെന്നാണ് ഭരണഘടനാ ശില്‍പ്പികള്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങള്‍ ഒരു സംസ്ഥാനമായി. അത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയ്ക്ക് പാതയൊരുക്കി. തുടര്‍ന്ന് കേരള സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍സൈക്ലോപീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവയെല്ലാം നിലവില്‍ വന്നു. ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷാ പട്ടികയില്‍ മലയാളത്തിന് ഇടംകിട്ടാനുള്ള ഉദ്യമം വിജയം കണ്ടു.
ഇതെല്ലാം അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്. പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയ സമുന്നത പുരസ്‌കാരങ്ങളും ശ്രദ്ധേയമാണ്. പല എഴുത്തുകാരുടേയും സ്മരണാര്‍ഥം സ്ഥാപിതമായ അവാര്‍ഡുകള്‍ മലയാള ഭാഷയുടെ വളര്‍ച്ച ലക്ഷ്യം വച്ചുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്‌കാരം ഇതില്‍ ഏറ്റവും പ്രധാനമാണ്. തിരൂരില്‍ സ്ഥാപിതമായ എഴുത്തച്ഛന്‍ പഠനകേന്ദ്രം വര്‍ഷംതോറും നടത്തിവരുന്ന ഭാരതീയ സാഹിത്യോത്സവത്തിന് ദേശീയ പ്രാധാന്യം ലഭിച്ചുവരുന്നു. നമ്മുടെ ആകാശവാണി കേന്ദ്രങ്ങള്‍ അനുഷ്ഠിക്കുന്ന സേവനവും ശ്ലാഘനീയമാണ്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പുറത്തിറക്കുന്ന നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ചിലത് ശതാബ്ദി പൂര്‍ത്തിയായവയാണ്. നമ്മുടെ ചലച്ചിത്ര ശാഖയുടെ സേവനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ഇലക്ട്രോണിക്സ് മീഡിയയുടെ വളര്‍ച്ച മലയാളത്തെ വളരെയാധികം പോഷിപ്പിച്ചു വരുന്നുണ്ട്. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തന നിരതരാകുന്ന ചെറുതും വലുതുമായ നിരവധി സന്നദ്ധ സംഘടനകളുണ്ട്. വായനശാലകളുടെ സേവനം നിസ്തുലമാണ്. സാമൂതിരി രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന രേവതി പട്ടത്താനം പോലുള്ള പഴയകാല ചടങ്ങുകള്‍ ഇന്നും തുടരുന്നു. എഴുത്തുകാരേയും പണ്ഡിതരേയും ആദരിക്കുന്ന മഹിക പാരമ്പര്യത്തിന്റെ കണ്ണി ഇപ്പോഴും കരുത്തുറ്റതാണ്.
മറ്റുഭാഷകളിലെ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നവരുടെ സേവനത്തില്‍ നമ്മള്‍ വില കല്‍പ്പിക്കുന്നുണ്ട്. ജ്ഞാനപീഠം അവാര്‍ഡ് നേടിയ എല്ലാ മലയാള എഴുത്തുകാരുടെ കൃതികള്‍ ഹിന്ദിയിലും ഇതരഭാഷകളിലും വിവര്‍ത്തനം വഴി എത്തിയിട്ടുണ്ട്.
മലയാളിക്ക് മലയാളം മാത്രം പോരാ. ഇതര ഭാഷയോട് ആദരവും സ്നേഹവും പുലര്‍ത്താനാകണം. നമ്മുടെ വീക്ഷണം സങ്കുചിതമാകാതെ നോക്കണം. കൊടുക്കല്‍-വാങ്ങലുകള്‍ ശക്തമാകണം. അപ്പോള്‍ മാത്രമേ നമുക്ക് പുരോഗമിക്കാനാകൂ. മലയാള വാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കട്ടെ.