തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രായം വര്‍ധിപ്പിച്ച നടപടി യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. പെന്‍ഷന്‍ പ്രായം വര്‍ധനയ്‌ക്കെതിരേ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും. വിലക്കയറ്റം സംബന്ധിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ല. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അദ്ദേഹം വ്യക്തമാക്കി.