കോഴിക്കോട്: 122 ഇന്‍ഫാന്ററി ബറ്റാലിയന്‍ (ടെറിറ്റോറിയല്‍ ആര്‍മി ) മദ്രാസ് റെജിമെന്റ് വാര്‍ഷികവും ബറ്റാലിയന്‍ തലസ്ഥാനം കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറിയതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഇന്നും നാളെയുമായി കോഴിക്കോട്ട് നടക്കും. ഇന്ന് രാവിലെ പത്തിന് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ പ്രാര്‍ഥന ദര്‍ബാറോടെ തുടക്കം കുറിക്കും. വിവിധ പരിപാടികളിലായി മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ലാകലക്ടര്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവിയടക്കമുളളവര്‍ പങ്കെടുക്കും. മേജര്‍ രവിയും അതിഥിയായി എത്തുന്നുണ്ട്. ഈ വര്‍ഷത്തെ വാര്‍ഷിക പരിപാടിയിലെ മുഖ്യാതിഥി വീര ചക്ര മെഡല്‍ ജേതാവ് കൂടിയായ ബ്രിഗേഡിയര്‍ പി.വി. സഹദേവനാണ്. ഇന്ന് അദ്ദേഹം സേനാംഗങ്ങളോടായി പ്രഭാഷണം നടത്തും. നാളെ ഊട്ടിയിലെ വെല്ലിങ്ങ്ടണില്‍ നിന്നും വരുന്ന റെജിമെന്റിന്റെ ബാന്റ് ട്രൂപ്പായ ബ്രാസ്സ് ബ്രാന്റ് മയക്കുമരുന്ന് വിരുദ്ധ സന്ദേശം മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ പൊതു ജനത്തിനായി അവതരിപ്പിക്കും.
വൈകീട്ട് ആറരയോടു കൂടി കടപ്പുറത്തെ സ്വതന്ത്ര ചത്വരത്തിലാണ് പരിപാടി. കേണല്‍ നവീന്‍ ബെന്‍ജിത്ത്, ലഫ്റ്റനന്റ് കേണല്‍ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷ ഒരുക്കങ്ങളെല്ലാം നടക്കുന്നത്. മുന്‍ നിര ഓഫീസേഴ്‌സ് എല്ലാം മലയാളികളായിട്ടുള്ള സേനാവിഭാഗത്തിലെ ഏക റെജിമെന്ററായ 122 മദ്രാസ് ബറ്റാലിയനിലെ ഏക ഹോണററി ലെഫ്റ്റനന്റ് കേണലാണ് നടന്‍ മോഹന്‍ലാല്‍ .
സേനയില്‍ കണ്ണൂര്‍ ടെറേഴ്‌സ്, മലബാര്‍ ടെറേഴ്‌സ് എന്ന വിളിപേരിലും ഈ റെജിമെന്റ് അറിയപ്പെടുന്നുണ്ട്. ഇതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഹോണററിയായി സേവനം ചെയ്യുന്നവരാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുള്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയുമെല്ലാം.