കോഴിക്കോട്: കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം എഡിഷന്‍ 2023 ജനുവരി 12,13,14,15ന് കോഴിക്കോട് ബീച്ചില്‍ നടക്കും. മൂന്ന് നൊബേല്‍ സമ്മാന ജേതാക്കള്‍, ഗീതാജ്ഞലിശ്രീ അടക്കം മൂന്ന് ബുക്കര്‍ പ്രൈസ് വിജയികള്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തുമെന്ന് സംഘാടക സമിതി യോഗത്തില്‍ രവി ഡീസി അറിയിച്ചു. ജര്‍മനി, ഫ്രാന്‍സ്, സ്വീഡനില്‍ നിന്നും ഇല്ലസ്‌ട്രേറ്റേഴ്‌സും വരുന്നുണ്ട്. സുധീര്‍ കാക്കറെ, മൊഹ്യ മെറത്രെ, സജ്ജീവ് സന്‍യാല്‍ , അഭിജിത്ത് ബാനര്‍ജി, ഉഷാ ഉതുപ്പ്, ഫ്രാന്‍സിസ് മിറല്ലാസ്, വെന്‍ഡി ഡോംഗര്‍, പളനി വേല്‍ ത്യാഗരാജന്‍, അരുന്ധതി റോയ്, മനു എസ്. പിള്ള തുടങ്ങി വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. നാലു ദിവസത്തെ വിവിധ സെഷനുകളിലായി 400 ഓളം പ്രാസംഗികര്‍ പങ്കെടുക്കും.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ വച്ച് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മേയര്‍ ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എ. പ്രദീപ് കുമാര്‍, പി.കെ പാറക്കടവ്, എ. അബ്ദുള്‍ ഹക്കീം, രവി ഡീസി, എ.വി. ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.