കോഴിക്കോട്: സമൂഹത്തിലെ തിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായി പോരാടുന്നതിന് തൂലികാ ശക്തിയും കാഴ്ചപ്പാടും പതിന്മടങ്ങ് വര്‍ധിതമായി സമര്‍പ്പിക്കുവാന്‍ സര്‍ഗാത്മക ചൈതന്യം വരദാനമായി ലഭിച്ച സാഹിത്യ ലോകം മുന്നോട്ട് വരണമെന്ന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായ പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്. പ്രമുഖ സാഹിത്യകാരന്‍ വത്സന്‍ നെല്ലിക്കോട് രചിച്ച ‘പ്രളയം പറഞ്ഞ കഥ’ എന്ന നോവലിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക ബോധം നശിക്കുകയാണോയെന്നു ഭയപ്പെട്ടു വരുന്നു.
അറിവും വിവേകവും മനോധര്‍മവും സമൂഹത്തില്‍ നിന്നും അകലുന്നു. ഭയപ്പോടെ മാത്രമേ ഓരോ ദിവസവും വര്‍ത്തമാന വിശേഷങ്ങള്‍ ശ്രവിക്കുവാന്‍ സാധിക്കുന്നത്. രണ്ട് ദശാബ്ദത്തിലേറെയായി എന്റെ ഇരുവശങ്ങളിലും ചേര്‍ന്നുനിന്ന് സ്‌നേഹവും സഹവര്‍ത്തിത്വവും കരുണയും കാരുണ്യവും നല്‍കി വരുന്ന രണ്ട് അതുല്യ സര്‍ഗ പ്രതിഭകളാണ് ഗോവ ഗവര്‍ണറായ പി.എസ് ശ്രീധരന്‍ പിള്ളയും വത്സന്‍ നെല്ലിക്കാടുമെന്നും 150 പുസ്തകള്‍ രചിച്ച ശ്രീധരന്‍ പിള്ളയും 35 കൃതികള്‍ രചിച്ച വത്സന്‍ നെല്ലിക്കോടും വൈവിധ്യമാര്‍ന്നതും മനുഷ്യ മനസുകളെ ചിന്താസരണിയിലേക്കു എത്തിക്കുന്ന വിഷയങ്ങളെയാണു രചനകള്‍ക്ക് ആധാരമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നോവല്‍ പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ പി.വി ചന്ദ്രന്‍ ആദ്യ കോപ്പി സ്വീകരിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ , ബ്രഹ്മകുമാരി ഗീത, ഡോ.കെ. മൊയ്തു, നോവലിസ്റ്റ് വത്സന്‍ നെല്ലിക്കോട് എന്നിവരും പ്രസംഗിച്ചു.