കോഴിക്കോട്: 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കേളേജിലെ 1977-80 ഹിന്ദി (ബി.എ) ബാച്ച് വിദ്യാര്‍ഥികള്‍ വീണ്ടും കലാലയത്തില്‍ ഒത്തു ചേര്‍ന്നു. പ്രിന്‍സിപ്പാള്‍ ഷാജി എടക്കോട്ട് ഉദ്ഘാടനം ചെയ്ത് ചടങ്ങില്‍ ഹിന്ദി വിഭാഗം മേധാവി ഡോ.ഇ.മിനി അധ്യക്ഷത വഹിച്ചു. ‘സപ്‌നോം കെ സായെ മേം’ല്‍ എത്തിയവരില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ 60 വയസിന് മുകളില്‍ പ്രായമുണ്ട്. അന്നത്തെ മൂന്ന് അധ്യാപകര്‍ പഴയ ക്ലാസ്‌റൂമില്‍ വിദ്യാര്‍ഥികളുടെ അരികില്‍ ഇരുന്നു.
സീനിയര്‍ അധ്യാപകന്‍ ഹാജരെടുത്ത ശേഷം ക്ലാസിന്റെ ഊഴമായി. കവിതയും നാടകവും സാഹിത്യ ചരിത്രവും എല്ലാം ഒരിക്കല്‍ കൂടി അവതരിപ്പിച്ചു. പ്രൊഫ. എം.ശ്രീധരമേനോന്‍, പ്രൊഫ.ടി.വി ഈച്ചരവാര്യര്‍, ഡോ.ജെ ഹൈമവതി അമ്മ, പ്രൊഫ.എച്ച്. പരമേശ്വരന്‍, ഡോ.എസ് കൃഷ്ണപിള്ള, ഡോ.എം.എസ് വിശ്വംഭരന്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.ആര്‍ സുബ്രഹ്മണ്യം വിദ്യാര്‍ഥികളായ സേതുമാധവന്‍ സിദ്ധാര്‍ഥന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു പുനഃസമാഗമത്തിന്റെ തുടക്കം.
മുമ്പത്തെ 12 അധ്യാപകരുടേയും പ്രമുഖ ഹിന്ദി സാഹിത്യകാരന്മാരുടേയും ഫോട്ടോകള്‍ കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ചുമരില്‍ തൂക്കാന്‍ പി.വി രവീന്ദ്രനാഥന്‍, എസ്.മെഹറുന്നീസ എന്നിവര്‍ ചേര്‍ന്ന് ഹിന്ദി വിഭാഗം മേധാവി ഡോ.ഇ.മിനിയെ ഏല്‍പ്പിച്ചു. കോളേജിന്റെ പി.ടി.എക്കുള്ള സംഭാവന പ്രിന്‍സിപ്പാള്‍ ഡോ.ഷാജി എടക്കോട്ട് ഏറ്റുവാങ്ങി. ക്ലാസെടുക്കാന്‍ എത്തിച്ചേര്‍ന്ന പ്രൊഫ.സി.എസ് രാജേന്ദ്രന്‍, ഡോ.കെ.എം മാലതി, ഡോ.ആര്‍സു എന്നിവര്‍ക്ക് സ്‌നേഹ പ്രതീകമായി മയില്‍പ്പീലി സമ്മാനിച്ചു. അധ്യാപകരായ സലീജ, ഡോ.കെ ഭാര്‍ഗവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി. സദാനന്ദന്‍, എ.കെ സാവിത്രി എന്നിവര്‍ കോളേജ് കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചു. ഫറോക്കിന്റെ ചരിത്രമെഴുതിയ വി.മോഹനന്‍ പുസ്തകത്തിന്റെ കോപ്പി ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ഗ്രന്ഥകാരന് വിദ്യാര്‍ഥികളുടെ ഉപഹാരം നല്‍കി. സമൂഹസദ്യയും കലാപരിപാടികളും ഗ്രൂപ്പ് ഫോട്ടോയും പുതുസമാഗമത്തിന് മാറ്റുകൂട്ടി. വി. മോഹനന്‍ സ്വാഗതവും ടി.എന്‍ കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു.