കോഴിക്കോട്: നിര്‍മാണ മേഖലയില്‍ നിന്നുള്ള 21 സംഘടനകള്‍ ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി നിര്‍മണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നവംബര്‍ ഒമ്പതിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ കരാറുകാരും വ്യാപാരികളും ഒരുപോലെ പ്രതിസന്ധിയിലാണ്. കൊവിഡ് കാലഘട്ടത്തിനു ശേഷം തുടര്‍ച്ചയായ വില വര്‍ധനവാണ് ഉല്‍പ്പാദന കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശരാശരി രണ്ടു കോടിയിലധികം ബാഗ് സിമന്റ് വിറ്റഴിക്കുന്ന കേരളത്തില്‍ ഒരു മാസത്തിനിടെ 60 രൂപയില്‍ അധികം രൂപയാണ് ഒരു ബാഗ് സിമന്റിന് വര്‍ധിച്ചത് .
സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലാതെ സിമന്റ് വില ഉയര്‍ന്നിട്ടും സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏക പൊതുമേഖല സിമന്റ് ഉല്‍പ്പാദന കമ്പനിയായ മലബാര്‍ സിമന്റ് വിപണിയുടെ വെറും നാലു ശതമാനമാണ് നിലവില്‍ വിറ്റഴിക്കുന്നത്. 96 ശതമാനവും സ്വകാര്യ കമ്പനികള്‍ നിയന്ത്രിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങള്‍ക്ക് ഉപയോഗിക്കുന്ന ടി.എം.ടി സ്റ്റീലുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 25 രൂപയിലധികം വര്‍ധനവുണ്ടായി ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തിലധികവും പെയിന്റ് ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണ ഉല്‍പ്പന്നങ്ങളുടേയും വിലയും ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നതും സര്‍ക്കാര്‍ കണ്ട മട്ടില്ല. കരാര്‍ ഉറപ്പിച്ച ശേഷമുള്ള വില വ്യതിയാന വ്യവസ്ഥ എല്ലാ പൊതുമരാമത്ത് കരാര്‍ വ്യവസ്ഥകളിലും ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണ – വ്യാപാര മേഖലയിലെ സംഘടനകളുടെ സംയുക്ത സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എം.എല്‍.എമാരും സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സുബൈര്‍ കൊളക്കാടന്‍, സിറാജുദ്ദീന്‍ ഇല്ലതൊടി, അഡ്വ. ഫസല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു.