മാഹി: കല്ലാമല യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പി.ആര്‍ പാര്‍വതി കൊവിഡ് സമയത്തെ ഓണ്‍ലൈന്‍ ക്ലാസിനിടയ്ക്കാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത കാണുന്നത്. അതോടെ പാര്‍വതിക്കും മുടി നല്‍കണമെന്ന താല്‍പര്യമുണ്ടായി. അച്ഛനോടും അമ്മയോടും കാര്യവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും സമ്മതം എന്നാല്‍ വളരെ നീളത്തില്‍ മുടി വേണമെന്ന് ആരോ പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് ചെറിയൊരാശങ്കയുണ്ടായി.
എന്നാല്‍ മൊട്ടയടിച്ചിട്ടായാലും മുടി നല്‍കണമെന്ന് പാര്‍വതി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് മാഹിയിലെ എസ്.ഐയും ബ്ലഡ് ഡൊണേഷന്‍ കേരള ഏയ്ഞ്ചല്‍ വിംഗ് രക്ഷാധികാരിയുമായ റീന ഡേവിഡിനെ ബന്ധപ്പെടുകയും ചെയ്തു. ശേഷം പാര്‍ക്ക് ഹെര്‍ബല്‍ ബ്യൂട്ടിപാര്‍ലറിലെ ബ്യൂട്ടീഷന്‍ പ്രഭ 13 ഇഞ്ച് മുടി മുറിച്ച് സര്‍സ റെസ്റ്റോറന്റില്‍ വച്ച് മുടി റീന ഡേവിഡിന് കൈമാറുകയും ചെയ്തു. കൊച്ചു കുട്ടികളില്‍ നിന്നുണ്ടാവുന്ന ഇത്തരം സത്ചിന്തകള്‍ നല്ലൊരു ഭാവിയുടെ തുടക്കമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും റീന ഡേവിഡ് പറഞ്ഞു. കണ്ണൂക്കര മീത്തലെ പറമ്പത്ത് പ്രഭാഷി (ബാബു)ന്റെയും രമ്യയുടെയും മകളാണ് പാര്‍വതി.