കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേയുള്ള കേസില്‍ അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ചു. കോടതി നടപടികള്‍ അഭിഭാഷകര്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചതോടെയാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. കേസില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്‌കരിച്ചുള്ള സമരം. അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്താണ് അഭിഭാഷകര്‍ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേര്‍ന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല. തുടര്‍ന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ്.
പരാതിക്കാരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വഞ്ചിയൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകരേയും പ്രതി ചേര്‍ത്തിരുന്നു. അഡ്വ. അലക്സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫിസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ എല്‍ദോസ് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. ഇത് അടിസ്ഥാനമാക്കി സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ വഞ്ചിയൂര്‍ പോലിസ് എല്‍ദോസിനെതിരേ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് അഭിഭാഷകരേയും കേസില്‍ പ്രതി ചേര്‍ത്തത്.