ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ വിചാരണ കേരളത്തില്‍ നിന്ന് മാറ്റാന്‍ സ്വപ്‌നയുടെ രഹസ്യമൊഴി മതിയാകുമെന്ന് കേരളത്തിന് ഇ.ഡിയുടെ മറുപടി സത്യവാങ്മൂലം. സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം. ഇ.ഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറച്ചുപിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല. ആവശ്യം നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങള്‍ അട്ടിമറിക്കുന്നതിന് സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണ്.
കഴിഞ്ഞ ദിവസം കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനും ഇ.ഡി മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹരജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും
സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതില്‍ അഖിലേന്ത്യാ സര്‍വിസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.