സ്വര്‍ണക്കടത്ത് കേസ്: കപില്‍ സിബലിന് കേരളം ഒരു സിറ്റിങ്ങിന് നല്‍കുന്നത് 15.5 ലക്ഷം

സ്വര്‍ണക്കടത്ത് കേസ്: കപില്‍ സിബലിന് കേരളം ഒരു സിറ്റിങ്ങിന് നല്‍കുന്നത് 15.5 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തിന് വേണ്ടി സ്വര്‍ണക്കടത്ത് കേസില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും കേരളം ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. ഇ.ഡിയുടെ ഹരജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി.

1978 ലെ കെ.ജി.എല്‍.ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ഇ.ഡിയുടെ ഹരജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലാണ്.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് രാഷ്ട്രീയലക്ഷ്യമില്ലെന്ന് ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സ്വപ്‌ന സര്‍ക്കാരിനെതിരേ മൊഴി നല്‍കിയതെന്ന് എങ്ങനെ പറയാനാകുമെന്ന് ഇ.ഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ചോദിച്ചു. അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാര്‍ പിന്നീട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇ.ഡി ആരോപിച്ചു. നാലാം പ്രതിയായ എം.ശിവശങ്കറിന് ഇപ്പോഴും നല്ല സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബംഗളൂരു കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *