- നികുതി അടച്ചില്ലെങ്കില്‍ തിരിച്ച് അയയ്ക്കും
കൊച്ചി: കേരളത്തിലൊഴികെ രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ പ്രത്യേക നികുതി അടയ്ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റില്‍ കാര്യമില്ലെന്നും കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത മാസം ഒന്നുമുതല്‍ പരിശോധന കര്‍ശനമാക്കും. നികുതി നല്‍കാത്ത വാഹനങ്ങളെ തടഞ്ഞ് തിരിച്ച് അയയ്ക്കാനാണ് തീരുമാനം.
കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുകയാണ് പതിവ്. എന്നാല്‍, ഇതു സംസ്ഥാനത്തിന് നഷ്ടമാണെന്ന് കണ്ടെത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പുതിയ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലുള്ള വാഹന ഉടമകള്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ കടന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ പുതിയ നീക്കം സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടൂറിസം മേഖലെയായിരിക്കും ഈ തീരുമാനം ഏറ്റവും കുടുതല്‍ ബാധിക്കുകയെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഒറ്റ പെര്‍മിറ്റില്‍ രാജ്യത്താകമാനം വാഹനം ഓടിക്കാന്‍ സാധിക്കുന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റിന് കേരളം വിലക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കേരളം ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാറും ട്രഷറര്‍ സിജി നായരും ആവശ്യപ്പെട്ടു.
കേരളത്തില്‍ മാത്രമാണ് പെര്‍മിറ്റുളള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി നല്‍കേണ്ടി വരുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കോവിഡ് ഏല്‍പിച്ച പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന വിനോദസഞ്ചാരമേഖലയ്ക്ക് നിയന്ത്രണം തിരിച്ചടിയാകുമെന്നും അസോസിയേഷന്‍ ആരോപിച്ചു.