കോഴിക്കോട്: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും മലബാര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സും സംയുക്തമായി നടത്തിയിരുന്ന കലാമേള രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഈ മാസം ആറിന് വീണ്ടും ആരംഭിച്ചു. സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് ചെയര്‍മാനായും മലബാര്‍ സഹോദയ പ്രസിഡന്റ് മോനി യോഹന്നാന്‍ സഹ ചെയര്‍മാനുമായുള്ള ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുഘട്ടങ്ങളിലായാണ് കലാമേള നടക്കുന്നത്. ആദ്യഘട്ടത്തില്‍ സ്റ്റേജിതര പരിപാടികള്‍ ബി ലൈന്‍ പബ്ലിക് സ്‌കൂള്‍ കുറ്റിക്കാട്ടൂരില്‍ ഈ മാസം ആറിനും രണ്ടാംഘട്ടത്തില്‍ ഐ.ടി ഫെസ്റ്റ് താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏഴിനും നടത്തി. മൂന്നാംഘട്ട പെര്‍ഫോമിങ് ആര്‍ട്‌സിനായി നവംബര്‍ രണ്ടിന് അല്‍ ഹറമെയിന്‍ സ്‌കൂള്‍ വേദിയാകും. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുരളീധരന്‍, പിന്നണി ഗായകന്‍ ഫിദല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
നാലാംഘട്ട സ്റ്റേജ് മത്സരങ്ങള്‍ നാല്, അഞ്ച് തീയതികളില്‍ ചെത്തുകടവ് കെ.പി ചോയി മെമ്മേറിയല്‍ ശ്രീനാരയണ വിദ്യാലയത്തില്‍ വച്ച് നടക്കും. പ്രസ്തുത മത്സരങ്ങള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മാതൃഭൂമി ചെയര്‍മാനും ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനുമായ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകളിലുള്ള 55ഓളം സ്‌കൂളുകളിലെ 3500ഓളം വിദ്യാര്‍ഥികള്‍ അഞ്ച് വിഭാഗങ്ങളിലായി 98 വിവിധ ഇനങ്ങളില്‍ മത്സരിക്കും. ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന മത്സരാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടഫിക്കറ്റും കൂടാതെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന സ്‌കൂളുകള്‍ക്ക് ഓവറോള്‍ ട്രോഫിയും നല്‍കുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ വാഴക്കുളം മൂവാറ്റുപുഴ വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി ഷക്കീല (മുഖ്യ രക്ഷാധികാരി, മലബാര്‍ സഹോദയ), മോനി യോഹന്നാന്‍ (പ്രസിഡന്റ്) , ടി.എം സഫിയ (ട്രഷറര്‍ ), പി.സി അബ്ദുറഹ്മാന്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.