കോഴിക്കോട്: പനിനീരിന്റെ സുഗന്ധമുള്ള ഗാനങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളെ പുളകമണിയിച്ച വയലാര്‍ രാമവര്‍മ്മ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന ഗാനതാരകമാണെന്ന് കവിയും ഫോക്ലോറിസ്റ്റും ഗാനരചയിതാവുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. പറമ്പില്‍കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ മലയാളമണ്ഡലം സംഘടിപ്പിച്ച വയലാര്‍ സ്മരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പൂക്കാലം മാഞ്ഞുപോയാലും വയലാര്‍ തീര്‍ത്ത കാവ്യ-ഗാനവസന്തം മലയാളിമനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല. ഒരേസമയം പ്രണയവും പ്രതിഷേധവും വിപ്ലവവും ഭക്തിയും കൃതികളിലേക്ക് ആവാഹിച്ച രചനാതന്ത്രം വയലാറിന്റെ ഇന്ദ്രജാലമാണ്. കവിതയിലും ഗാനസാഹിത്യത്തിലും ജീവിതത്തിലും സാമൂഹികവും മാനവികവുമായ നിലപാടുകള്‍ പുലര്‍ത്തിയ അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു വയലാറെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നോരുക്കിയ ‘വയലാര്‍ ഗാനാഞ്ജലി ‘ ശ്രദ്ധേയമായി.
ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.ഭാഗ്യനാഥന്‍, മലയാളമണ്ഡലം കണ്‍വീനര്‍ പി.രജീഷ് കുമാര്‍, പി.പി ജയ, മുഹമ്മദ് അലി ടി.പി, എന്‍.കെ ഖദീജ, സിന്ധു. കെ, പ്രലീഷ.പി എന്നിവര്‍ പങ്കെടുത്തു.