കോഴിക്കോട്: ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന നേതാവും മലബാറിലെ രാഷ്ട്രീയ മണ്ഡലത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായിരുന്നു ബി.വി അബ്ദുള്ളക്കോയയെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിനായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ബി.വി അബ്ദുള്ളക്കോയ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവെന്ന നിലക്ക് വി.ഡി സതീശന്റെ സേവനം സ്തുത്യര്‍ഹമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തിരുത്താനും ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം ഒരുപടി മുന്നിലാണ്.
ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാളയം മമ്മത് കോയ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. വി.ഡി സതീശനെ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പൊന്നാടയണിയിച്ചു. എം.സി മായിന്‍ഹാജി, കെ.സി അബു, ടി.വി ബാലന്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ. പ്രവീണ്‍കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, കെ. മൊയ്തീന്‍കോയ, അഹമ്മദ് പുന്നക്കല്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, സി.ടി സക്കീര്‍ ഹുസൈന്‍, കെ.മമ്മത്‌കോയ, യു.പോക്കര്‍, അഡ്വ. എസ്.വി ഉസ്മാന്‍കോയ, കെ.സി ശോഭിത, പി. ഇസ്മയില്‍ പ്രസംഗിച്ചു. അഡ്വ. എ.വി അന്‍വര്‍ സ്വാഗതവും ഫൈസല്‍ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു. ട്വന്റി-ട്വന്റി ലോകകപ്പ് യു.എ.ഇ ടീമിലെ മലയാളി താരം ബാസില്‍ ഹമീദിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉപഹാരം നല്‍കി.