പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവില്‍ പോയിരുന്നു. രാത്രിയില്‍ പട്ടാമ്പിയിലെ വീട് വളഞ്ഞാണ് എന്‍.ഐ.എ കൊച്ചി സംഘം റൗഫിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് പിടികൂടിയത്. സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കള്‍ക്ക് ഒളിവില്‍ കഴിഞ്ഞ് റൗഫ് സഹായം ചെയ്തു വരികയായിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.