ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാളിനെയും സി.എഫ്.ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്‌ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മില്‍ ട്വിറ്ററില്‍ തന്നെ പലവട്ടം കൊമ്പുകോര്‍ക്കുകയും ചെയ്തു. ആരായിരിക്കും ട്വിറ്ററിന്റെ പുതിയ മേധാവിയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
കൂടുതല്‍ ആളുകളെ പിരിച്ചുവിടും. നിലവിലെ ട്വിറ്ററിന്റെ രാഷ്ട്രീയ സമീപനം തന്നെ മാറും. ആര്‍ക്കും എന്തും ചെയ്യാവുന്ന ഇടമാകാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തില്‍ തന്നെ പുതിയ നയം വ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്. ട്വിറ്ററിലെ ജോലി ചെയ്യല്‍ രീതി ഉടച്ചുവാര്‍ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി കഴിഞ്ഞു. ചൈനീസ് വി ചാറ്റ് മാതൃകയില്‍ ട്വിറ്ററിനെ ചാറ്റ് മുതല്‍ പണമിടപാട് വരെ ചെയ്യാന്‍ പറ്റുന്ന ഓള്‍ ഇന്‍ വണ്‍ ആപ്പാക്കുമെന്ന സ്വപ്‌നമാണ് മസ്‌ക് മുമ്പും പങ്ക് വച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മസ്‌ക് തന്റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും മസ്‌ക് സന്ദര്‍ശിച്ചിരുന്നു. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.