- മരണകാരണം വ്യക്തമല്ലെന്ന് പോലിസ്
കോഴിക്കോട്: ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് കോച്ചായ തമിഴ്‌നാട് സ്വദേശി ജയന്തിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങിമരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. ബാലുശേരി പോലിസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും പോലിസ് അറിയിച്ചു.
ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവര്‍ക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ നേടിയിട്ടുണ്ട്. സ്ഥാപനത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തും.