തിരുവനന്തപുരം: തന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണിനെ സമീപിച്ചു. സംഭവത്തില്‍ തന്റെ വാദം കേട്ടില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ എന്നും ശിവശങ്കര്‍ പറഞ്ഞു. അതിനാല്‍ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണ് ഇത് റദ്ദാക്കണമെന്നും സസ്‌പെന്‍ഷന്‍ കാലം സര്‍വീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ജയിലില്‍ കിടന്നത് കുറ്റാരോപിതനായാണ്. തനിക്കെതിരേ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ല. മാധ്യമവിചാരണയും രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായി. 170 ദിവസത്തെ സസ്പെന്‍ഷന്‍ കാലാവധി സര്‍വീസ് ആയി കണക്കാക്കണം. സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരില്‍ തള്ളിയെന്നും ശിവശങ്കര്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. സര്‍വീസ് ചട്ടലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത്. സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചു വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കര്‍ അവധിക്ക് അപേക്ഷിക്കുകയായിരുന്നു.
2020 ജൂലൈ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച അവധി റദ്ദാക്കി ശിവശങ്കറിനെ ജൂലൈ 27 മുതല്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.