ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ജലസംസ്‌കരണ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 15 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചോര്‍ച്ചയുണ്ടായത് മൂലം ചുമയും ശ്വാസംമുട്ടലും രൂക്ഷമായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്.
നഗരത്തിലെ മദര്‍ ഇന്ത്യ കോളനിയിലുള്ള ജലസംസ്‌കര പ്ലാന്റിലെ ക്ലോറിന്‍ സിലിണ്ടറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഇന്നലെ വൈകീട്ടോടുകൂടിയാണ് ചോര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് പ്ലാന്റിന് സമീപത്തെ വീടുകളിലെ ആളുകള്‍ക്ക് ചുമക്കാന്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. ചിലര്‍ക്ക് കണ്ണുകളില്‍ എരിച്ചില്‍ അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നിലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചോര്‍ച്ച പരിഹരിച്ചെന്നും സാഹചര്യം നിയന്ത്രണവിധേയമായെന്നും ഭോപ്പാല്‍ കലക്ടര്‍ അവിനാഷ് ലവാനിയ പറഞ്ഞു. 900 കി.ഗ്രാമിന്റെ ഗ്യാസ് സിലിണ്ടറായിരുന്നു ചോര്‍ന്നത്. അഗ്നിശമന സേനാംഗങ്ങള്‍ ഗ്യാസ് സിലണ്ടര്‍ വെള്ളം നിറച്ച ടാങ്കില്‍ മുക്കി വാതകത്തെ വെള്ളത്തില്‍ ലയിപ്പിച്ചാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഗ്യാസ് സിലിണ്ടര്‍ വെള്ളടാങ്കില്‍ മുക്കിയത്.
1984 ലെ ഭോപ്പാല്‍ വാതക ദുരന്തം രൂക്ഷമായി ബാധിച്ച മേഖലയായ ഇഡ്ഗയുടെ സമീപത്താണ് മദര്‍ ഇന്ത്യ കോളനി. കോളനിയില്‍ 400 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.