നാദാപുരം: ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെ സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ശുചിത്വമേന്മ കൂടിയിരിപ്പ് സംഘടിപ്പിച്ചു. ആരോഗ്യ ശുചിത്വ മേഖലയില്‍ ആഗോള സുസ്ഥിര ലക്ഷ്യങ്ങള്‍ നേടുന്നതിനും ആരോഗ്യ ശുചിത്വ മേഖലയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ രേഖകള്‍ ശേഖരിച്ചും ഇടപെടലുകള്‍ നടത്തിയും 2023 ജനുവരി 15നകം സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കുന്നതിനു വേണ്ടിയുള്ള ആക്ഷന്‍ പ്ലാന്‍ യോഗം അംഗീകരിച്ചു. വാര്‍ഡ് തല അജൈവമാലിന്യ സംസ്‌കരണം 100 ശതമാനത്തില്‍ എത്തിക്കും. മലിനജലം ഒഴുക്കിവിടുന്ന വീടുകള്‍ കണ്ടുപിടിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മലിനജലം പൂര്‍ണമായും ഒഴുക്കി വിടാത്ത പ്രദേശമായി ഓരോ വാര്‍ഡും മാറ്റുന്നതാണ്. യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് കര്‍മ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദാ ഫിര്‍ദൗസ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.