കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാലര പതിറ്റാണ്ടു കാലത്തെ സാരഥിയും കാര്യദര്‍ശിയുമായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ 27ാം ഉറൂസ് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ 25 മുതല്‍ 31 വരെ നടക്കും. ശംസുല്‍ ഉലമാ: ജീവിതവും ദര്‍ശനവും സെമിനാര്‍, പ്രഭാഷണ പരമ്പര, മജ്‌ലിസുന്നൂര്‍, നൂറെ അജ്മീര്‍ സംഗമം, സമാപന ഖത്തം ദുആ മജ്‌ലിസ് തുടങ്ങിയ വൈജ്ഞാനികവും ആത്മീകവുമായ വിവിധ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി നടക്കും.
25ന് നാല് മണിക്ക് സമസ്തയുടെ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനവും രാത്രി എട്ട് മണിക്ക് ഓണമ്പള്ളി മുഹമ്മദ് ഫൈസിയുടെ മതപ്രഭാഷണവും നടക്കും.
26ന് രാവിലെ 10 മണിക്ക് ശംസുല്‍ ഉലമാ: ജീവിതവും ദര്‍ശനവും സെമിനാറില്‍ മൗലാന മൂസക്കുട്ടി ഹസ്‌റത്ത് വിഷയമവതരിപ്പിക്കും. രാത്രി എട്ട് മണിക്ക് ശമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 27ന് രാത്രി എട്ട് മണിക്ക് മജിലിസുന്നൂറിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 28ന് രാത്രി നൂറെ അജ്മീര്‍ സംഗമത്തിന് വലിയുദ്ദീന്‍ ഫൈസി നേതൃത്വം നല്‍കും. 29ന് രാത്രി സിറാജുദ്ദീന്‍ ഖാസിമിയും 30ന് രാത്രി നൗഷാദ് ബാഖവിയും പ്രഭാഷണം നടത്തും. 31ന് രാവിലെ ഒമ്പത് മണിക്ക് സമാപന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആലിക്കുട്ടി മുസ്‌ലയാര്‍ അധ്യക്ഷത വഹിക്കും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും മൗലാന മൂസക്കുട്ടി ഹസ്‌റത്ത് അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. ഖത്തം ദുആ മജ്‌ലിസിന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.