കോഴിക്കോട്: കെ.യു.എച്ച്.എസ് (കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ്) നോര്‍ത്ത് സോണ്‍ കലോത്സവത്തിന്റെ അറിയിപ്പ് കിട്ടിയപ്പോള്‍ മുതല്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരു കോറിയോഗ്രാഫര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആ തിരച്ചിലിന് ഒരു സമാപ്തി ഉണ്ടായത് അവര്‍ക്ക് റമീസ് മുഹമ്മദിനെ കിട്ടിയപ്പോഴാണ്. പിന്നെയങ്ങോട്ട് ചിട്ടയായ നൃത്തപരിശീലനത്തിന്റെ നാളുകളായിരുന്നു. ദിവസേന നാല് മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശീലനത്തില്‍ അവര്‍ 16 പേരും ഒറ്റകെട്ടായി നിന്നു. മത്സരത്തിനോട് അടുത്ത നാളുകളില്‍ പല തരത്തിലുള്ള വെല്ലുവിളികളും വന്നുചേര്‍ന്നു. എന്നാല്‍ ഉദുമ സിമ്റ്റ് നഴ്‌സിങ് കോളേജിലെ വേദി മാത്രം മുന്നില്‍ കണ്ട് അവര്‍ ഓരോ ചുവടുകളും സൂക്ഷ്മതയോടെ വച്ചു.
സെപ്റ്റംബര്‍ അഞ്ച്- അനേകം കോളേജുകളില്‍നിന്ന് പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ദിവസം വന്നെത്തി. മുപ്പതോളം ടീമുകള്‍ മത്സരിച്ച ഗ്രൂപ്പ് ഡാന്‍സില്‍ വളരെ മികച്ച പ്രകടനം അവര്‍ കാഴ്ചവച്ചു. ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടും എ ഗ്രേഡോടുകൂടി ആറാം സ്ഥാനത്തേയ്ക്കു പിന്തള്ളപെട്ടു എന്ന വാര്‍ത്തയാണ് പിന്നീട് കേള്‍ക്കാന്‍ സാധിച്ചത്. ഒരുപാട് നിരാശരായെങ്കിലും ഒരു ചുവടുപോലും പിന്നോട്ട് വയ്കുക്കില്ല എന്ന ഉറച്ച ബോധ്യത്തോടെ അവര്‍ ഹൈക്കോടതിയില്‍ തങ്ങള്‍ക്ക് ഒക്ടോബര്‍ര്‍ 16ന് നടക്കാന്‍ ഇരിക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ നഷ്ടമായ അവസരം തിരിച്ചു പിടിക്കാന്‍ അപ്പീല്‍ നല്‍കി.
അനുകൂലമായ വിധി ദിവസങ്ങള്‍ക്കകം വരികയും ചെയ്തു. അപ്പോഴേക്കും പുതിയ പാട്ടുശകലങ്ങളും സംഭാഷനങ്ങളുമൊക്കെ ഇടകലര്‍ന്ന ഒരു വ്യത്യസ്ത കമ്പോസിഷനുമായി റമീസെത്തി, ആത്മവിശ്വാസം കൈവിടാതെ പിന്നെയും ചിട്ടയായ പ്രാക്റ്റീസ് ദിനങ്ങള്‍. അതിനിടയില്‍ കെ.ഡി.എഫ് എന്ന പേരില്‍ 16 പേര്‍ അടങ്ങുന്ന ഡാന്‍സ് ക്രൂ റമീസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചു നടക്കാനിരിക്കുന്ന ഇന്റര്‍സോണ്‍ മത്സരത്തിന്റെ ഒരാഴ്ച മുന്‍പ് തങ്ങളെ പുതിയ ആക്ടിലേക് പാകപ്പെടുത്തി എടുക്കാനുള്ള ഒരു മുന്നൊരുക്കം എന്ന നിലയ്ക്ക് റമീസ് കോഴിക്കോട് നടന്ന ഒരു നൃത്ത മത്സരത്തില്‍ പങ്കെടുപ്പിച്ചു.
അവിടെ ഇരുപതോളം പ്രൊഫഷണല്‍ ഡാന്‍സ് ടീമുകളോട് മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കിയത് മുഴുവന്‍ അംഗങ്ങള്‍ക്കും ഊര്‍ജം നല്‍കി. കലോത്സവ വേദിയിലേക്ക് ശേഷം അവശേഷിച്ച ഒരാഴ്ച മുഴുവനുമായി സമര്‍പ്പിച്ചു നൃത്തം പരിശീലിച്ചു. അങ്ങനെ ആ ദിവസം എത്തി. കോട്ടയത്തെ കലോത്സവവേദിയായ സ്റ്റേജ് ഒന്ന് അന്നു സാക്ഷിയായത് ഏറ്റവും മികച്ചതേതെന്ന് വേര്‍തിരിച്ചറിയാനാവാത്തവിധം വേദിയെ പ്രകമ്പനംകൊള്ളിച്ച പ്രകടനങ്ങള്‍ക്കായിരുന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ കെ.ഡി.എഫിന് രണ്ടാം സ്ഥാനം. അത് ഒന്നുമല്ലാഞ്ഞ ഒരിടത്തുനിന്നും കഠിനധ്വാനത്തേയും ആത്മവിശ്വാസത്തെയും മാത്രം കൂട്ടുപിടിച്ചു പൊരുതിനേടിയ വിജയമായിരുന്നു. അത് മനോഹരമായിരുന്നു. ഇനിയുമുണ്ട് കെ.ഡി.എഫിന് ഏറെ ദൂരം സഞ്ചരിക്കാന്‍, അനേകം നേട്ടങ്ങള്‍ കൈവരിയ്ക്കാന്‍. ആദില്‍ ജലീല്‍, യാര, വൈശാഖ്, ആതിര, സെഹ്ബ, അഖില, ഷിജിന്‍, പ്രണവ്, അഷ്‌വര്‍, നിസ്‌ന, ബിന്‍സിയ, മീനാക്ഷി, നിമ, മേഘ, കൃഷ്‌ണേന്ദു എം.ആര്‍, കൃഷ്‌ണേന്ദു എം.പി എന്നിവര്‍ക്കൊപ്പം കോറിയോഗ്രാഫര്‍ റമീസുമുണ്ട് കെ.ഡി.എഫിന്റെ മുന്നോട്ടുള്ള ജൈത്രയാത്രയില്‍.