തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറുമായി നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനെതിരെ അടുത്തകാലത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഈ ആസൂത്രിത നീക്കം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി അദ്ദേഹം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. തന്നെ അപമാനിക്കുന്ന തരത്തില്‍ കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടയിലാണ് ഈ അസാധാരണ നീക്കം. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മന്ത്രിമാരെ നിയമിക്കേണ്ടത് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ സമ്മതി ഉള്ളിടത്തോളം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാമെന്നുമാണ് ഭരണഘടനയുടെ 164ാം അനുച്ഛേദത്തില്‍ പറയുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് ഗവര്‍ണറുടെ ഭീഷണി.