മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. ചടങ്ങില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഖാര്‍ഗെ ചടങ്ങിനെത്തിയത്. 24 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ വരുന്നത്.

കോണ്‍ഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഇനി മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കായിരിക്കുമെന്ന് സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഇത്രയും വര്‍ഷമായി വലിയ ഉത്തരവാദിത്വമാണ് നിങ്ങള്‍ എനിക്ക് നല്‍കിയത്. ഇനി ആ ഉത്തരവാദിത്വം നിര്‍വഹിക്കുക ഖാര്‍ഗെയായിരിക്കുമെന്നും സോണിയ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും അത് പ്രകൃതി നിയമമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഖര്‍ഗെ നല്ല അനുഭവപരിചയമുള്ള നേതാവാണ്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ തന്റെ കഠിനാധ്വാനത്തിലൂടെ മാത്രമാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.

ഇപ്പോള്‍ മാത്രമല്ല മുമ്പും കോണ്‍ഗ്രസിന് വലിയ വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യത്തിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കുകയെന്നതായിരുന്നു അതിലേറ്റവും വലുത്. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി സമ്മതിച്ചില്ല. ഇനിയും മുന്നോട്ടുള്ള വഴികളില്‍ നമ്മള്‍ പൊരുതി വിജയിക്കും. ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് മധുസൂദനന്‍ മിസ്ത്രിയോടും ഞാന്‍ നന്ദി പറയുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *