കണ്ണൂര്‍: ഉത്തര കേരളത്തിലെ പ്രമുഖ സായാഹ്ന വാര്‍ത്താ മാധ്യമമായ പടയണി പത്രം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 29ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും.
രാവിലെ 10.30ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കും. മേയര്‍ ടി.ഒ മോഹനന്‍, വി.ശിവദാസന്‍ എം.പി, അഡ്വ.പി.സന്തോഷ് കുമാര്‍ എം.പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ‘മാധ്യമ രംഗം: വര്‍ത്തമാനവും, ഭാവിയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിക്കും. കെ.ജയപ്രകാശ് ബാബു മോഡറേറ്ററായിരിക്കും.
ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.വി നികേഷ് കുമാര്‍, എന്‍.പി രാജേന്ദ്രന്‍, കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.വിജേഷ് പങ്കെടുക്കും. നവമ്പര്‍ അഞ്ചിന് കൂത്തുപറമ്പില്‍ സംസ്‌കാരിക സദസും, നവംബര്‍ 14ന് പാനൂര്‍ പി.ആര്‍ ലൈബ്രറിയുടെ സഹകരണത്തോടെ വൈകീട്ട് മൂന്ന് മണിക്ക് ശിശുസൗഹൃദ സദസും സംഘടിപ്പിക്കും. ഡിസംബര്‍ എട്ടിന് തലശ്ശേരിയില്‍ നടക്കുന്ന ജൂബിലി ആഘോഷ സമ്മേളനത്തില്‍ മന്ത്രിമാരും രാഷ്ട്രീയ-സാംസ്‌കാരിക നായകരും സംബന്ധിക്കും. കലാപരിപാടിയും അരങ്ങേറും. ഇതോടൊപ്പം സുവര്‍ണ്ണ ജൂബിലി സ്മരണികയും പ്രകാശനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.പി.മോഹനന്‍ എം.എല്‍.എ, എന്‍.ധനജ്ഞയന്‍, പി.എം.അഷ്‌റഫ് , ചാലക്കര പുരുഷു, ജയചന്ദ്രന്‍ കരിയാട് , ജി.രാജേന്ദ്രന്‍ സംബന്ധിച്ചു.