കോഴിക്കോട്:ലഹരിക്കെതിരെ കലാലയങ്ങളിൽ നിന്നും ശക്തമായ ശബ്ദമുയരണമെന്ന് ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കലാലയങ്ങൾ ലഹരിവിരുദ്ധതയ്ക്ക് മാതൃകയാകേണ്ടതുണ്ട്. വിദ്യാർത്ഥികൾ ലഹരിക്കെതിരെ പോരാടാൻ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ലോകഭൂപടത്തിൽ ഇടം നേടുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി എല്ലാ ക്യാമ്പസുകളിലും ടൂറിസം ക്ലബുകൾ ആരംഭിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മുഖ്യാതിഥിയായി. ലഹരിവിമുക്തമായ സംസ്ഥാനം എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ലഹരിയെ പ്രതിരോധിക്കുന്നതിന്
കൂട്ടായ പരിശ്രമം ആവശ്യമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടമെന്ന ദൗത്യം ഏറ്റെടുത്താണ് യുവജന കമ്മീഷൻ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തുന്നതെന്നും ചിന്ത ജെറോം പറഞ്ഞു. യുവജന കമ്മീഷന്റെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഒപ്പം ജില്ലയിലെ കോളനികൾ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസുകളും പൊതു ഇടങ്ങളിൽ കലാജാഥകളും നടത്തും. മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ സച്ചിൻ പി ജെയിംസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ ഇ. ഐ. മുഹമ്മദ് ബോധവത്കരണ ക്ലാസ്സെടുത്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ദീപു പ്രേംനാഥ്, സംസ്ഥാന ഗ്രീൻ വളണ്ടിയേഴ്‌സ് കോർഡിനേറ്റർ പി. രാഹുൽരാജ്, മലബാർ ക്രിസ്ത്യൻ കോളേജ് മാനേജർ പാവമണി ഗ്ലാഡിസ്, എൻ.എസ്.എസ് സെക്രട്ടറി കെ.ആർ അഹല്യ എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം എസ്. കെ. സജീഷ് സ്വാഗതവും യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി അതുൽ നന്ദിയും പറഞ്ഞു.