കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്തു. 5.51 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചെത്തുകടവ് -മെഡിക്കൽ കോളേജ് റോഡിന്റെയും 3.22 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പടനിലം-കളരിക്കണ്ടി റോഡിന്റെയും പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ചെത്തുകടവ് മുതൽ കുരിക്കത്തൂർ വരെയുള്ള റോഡ് 2.800 കി. മീ നീളം, 5.50 മീറ്റർ വീതിയിലും പടനിലം മുതൽ കളരിക്കണ്ടി വരെയുള്ളത് 1.600 കി.മീ നീളം, 5.50 മീറ്റർ വീതിയിലും ബി.എം ആൻഡ് ആൻഡ് ബി.സി സർഫസോടുകൂടി നവീകരിക്കാനാണ് പദ്ധതി.
ചെത്തുകടവ് നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻറ് വി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുധ കമ്പളത്ത്, എം ധനീഷ്‌ലാൽ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എൻ. ഷിയോലാൽ, ബ്ലോക്ക് മെമ്പർ ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.സി പ്രീതി മെമ്പർമാരായ കെ സുരേഷ്ബാബു, ജിഷ ചോലക്കമണ്ണിൽ, ടി ശിവാനന്ദൻ, സജിത ഷാജി, ലീന വാസുദേവൻ,മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സി. എഞ്ചിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. നോർത്ത് സർക്കിൾ റോഡ്‌സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്‌സ് സബ് ഡിവിഷൻ അസി. എക്‌സി. എഞ്ചിനീയർ എൻ ശ്രീജയൻ നന്ദിയും പറഞ്ഞു.