ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യമെന്ന് സുനക് പറഞ്ഞു. അതിനാല്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും നല്‍കി. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ വംശജനായ റിഷി സുനക്. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യില്‍. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യന്‍ വംശജന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വമായൊരു തിരുത്ത് കൂടെയാണ്. വിശാല ഇന്ത്യയിലെ പഞ്ചാബിലെ ഗുജ്റാവാലയില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥമാണ് ഋഷി സുനിക്കിന്റെ മുത്തച്ഛന്‍ 1930ല്‍ കെനിയയിലെ നെയ്റോബിലേക്ക് ജോലി സംബന്ധമായി കുടിയേറുന്നത്. പഞ്ചാബില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി.
ഗുജ്റവാല ഇപ്പോള്‍ പാകിസ്താനിലാണ്. സുനിക്കിന്റെ പിതാവ് കെനിയയിലും അമ്മ ടാന്‍സാനിയയിലുമാണ് ജനിച്ചത്. സുനിക്ക് ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓക്സ്ഫഡിലും സ്റ്റാന്‍ഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇന്ത്യന്‍ വംശജന്‍ മാത്രമല്ല ഇന്ത്യയുടെ മരുമകന്‍ കൂടെയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് അദ്ദേഹം. യു.എസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യന്‍ ടച്ച്. കൃഷ്ണ, അനൗഷ്‌ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു.
ഗോള്‍ഡ്മാന്‍ സാക്സ് ഉള്‍പ്പടെ പ്രമുഖ കമ്പനികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. സ്വന്തം നിക്ഷേപക സഹായ കമ്പനികള്‍. ഇതെല്ലാം വിട്ട് എട്ട് വര്‍ഷം മുന്‍പ് 33ാം വയസ്സില്‍ രാഷ്ട്രീയ പ്രവേശനം. 2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക്. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്. ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ്ട്രസിനോട് തോല്‍വി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്‍പേ ശക്തമായ തിരിച്ചുവരവ്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *