മാഹി: ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ തല നാടോടി നൃത്ത മത്സരത്തില്‍ 2021-2022 വര്‍ഷത്തില്‍ ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൊവിഡ് കാല പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി വിജയികളായിരുന്നു.
ജനസംഖ്യാ വിദ്യാഭ്യാസം പ്രമേയമാവുന്ന നാടോടി നൃത്തം ചിട്ടപ്പെടുത്തിയത് യുവ നര്‍ത്തകനായ വിനീഷ് വി.മോനി ആണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ അവന്തിക സന്തോഷ് , ദേവനന്ദ, ഇഷിക അനിത്, കൃഷ്ണപ്രിയ, സഹൃദ സജീവന്‍, സൂര്യഗായത്രി എന്നിവരാണു നാടോടി നൃത്തമവതരിപ്പിച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പോണ്ടിച്ചേരിയില്‍ വച്ചു നടന്ന ചടങ്ങില്‍ കുട്ടികള്‍ സ്വീകരിച്ചു. സ്‌കൂള്‍ കലാസാഹിത്യ വേദി കോ-ഓര്‍ഡിനേറ്റര്‍ മിനി തോമസ് അവതരണത്തിനു നേതൃത്വം നല്‍കി. ടി.എം സജീവന്‍ ഛായഗ്രഹണം നിര്‍വഹിച്ചു. പി.കെ സത്യഭാമ, രക്ഷിതാക്കളായ ബിന്ദു സന്തോഷ് രെഗിന എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ മാതൃസമിതിയുടെ സഹകരണത്തോടെയാണ് കുട്ടികളെ കലാസാഹിത്യ വേദി മത്സരത്തിനൊരുക്കിയത്.