വഡോദര: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടപെട്ട പോലിസ് 19 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് നേരത്തെ തന്നെ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാനിഗേറ്റ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. വിവരം ലഭിച്ച് സ്ഥലത്ത് എത്തിയ പോലിസിന് നേരെ ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്തെ ഒരു വീടിന്റെ മൂന്നാം നിലയില്‍ നിന്ന് പെട്രോള്‍ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബെറിഞ്ഞയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വഡോദര ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ യശ്പാല്‍ ജഗനിയ പറഞ്ഞു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഒരു ഭാഗത്ത് നിന്നും വിട്ട റോക്കറ്റ് പടക്കം വീണതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിന് തീപിടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
”തുടര്‍ന്ന് പടക്കം പൊട്ടിക്കുന്നതും, റോക്കറ്റ് പടക്കങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ പരസ്പരം തര്‍ക്കത്തിലാകുകയും. അത് കല്ലേറിലേക്ക് നീങ്ങുകയും ചെയ്തു” ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വഡോദര ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ യശ്പാല്‍ ജഗനിയ പറഞ്ഞു. സംഘര്‍ഷം ഉണ്ടാക്കിയ ഇരു സമുദായങ്ങളിലെയും പ്രതികളെ പിടികൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.