കാസര്‍കോട്: ഗവര്‍ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തില്‍ ജനാധിപത്യ മാര്‍ഗത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇന്നലെ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഗവര്‍ണറുടെ അജണ്ട മനസിലാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലീം ലീഗിന് അതിന് കഴിയുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സര്‍വകലാശാല വിഷയത്തില്‍ പ്രതികരിച്ച ലീഗ് നേതാവ് പി.എം.എ സലാം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവര്‍ണര്‍ക്ക് എതിരെയും ആഞ്ഞടിച്ചതും ശ്രദ്ധേയമായിരുന്നു.