കല്‍പ്പറ്റ: ചീരാല്‍, അമ്പലവയല്‍ , നെന്‍മേനി ഭാഗങ്ങളില്‍ വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയ്യും ചെയ്ത പശുക്കളുടെ ഉടമസ്ഥരായ ക്ഷീര കര്‍ഷകരെ കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ( INTUC) മലബാര്‍ മേഖലയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാര തുക വര്‍ധിപ്പിക്കണം.
കാലിത്തീറ്റയ്ക്കും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിപ്പിച്ച സാഹചര്യവും 25 മുതല്‍ 35 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വന്യജീവി കൊന്നുകളയുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ നഷ്ടപരിഹാര തുക കൊണ്ട് ഒരു പശുവിനെ വാങ്ങിയാല്‍ വളരെ കാലം കഴിഞ്ഞാണ് വീണ്ടും ആദായം കിട്ടി തുടങ്ങുന്നത്. ചെറിയ സാമ്പത്തിക സഹായങ്ങള്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ചെയ്യുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്.
നഷ്ടപരിഹാരത്തുക രണ്ട് ലക്ഷമായി വര്‍ധിപ്പിച്ച് ക്ഷീരമേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അതിജീവനത്തിന് ഉപയുക്തമായ ഒരു തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ പശുക്കളുടെ തുടര്‍ ചികിത്സക്ക് ഭാരിച്ച ചിലവാണ് വരുന്നത്. പേപ്പട്ടിയുടെ കടിയേറ്റ് പശുക്കള്‍ക്ക് ചികിത്സ ലഭ്യമാക്കണം.
ക്ഷീരകര്‍ഷകര്‍ക്ക് അനുഭാവപരമായ ഒരു നടപടി നാളിതു വരെ കൈ കൊണ്ടിട്ടില്ല എന്ന് ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. മേഖലാ പ്രസിഡന്റ് എ. ഒ ദേവസ്യ, സംസ്ഥാന സെക്രട്ടറി ജോയി പ്രസാദ് പുളിക്കല്‍, മേഖലാ ജനറല്‍ സെക്രട്ടറി ഷാന്റി ചേനപ്പാടി, മേഖലാ ഭാരവാഹികളായ ബേബി തുരുത്തിയില്‍, ഇ.വി സജി വയനാട്, ജില്ലാ സെക്രട്ടറി എ.എക്‌സ് ജോസ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് , പി.കെ വാസുദേവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷീര കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചത്. ഫോറസറ്റ് ഉദ്യോഗസ്ഥരുമായും ആര്‍.ആര്‍.ടി അംഗങ്ങളുമായും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.