കുറ്റ്യാടി:കേരളപ്പിറവി ദിനത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കും മയക്കുമരുന്നിനുമെതിരെ മനുഷ്യച്ചങ്ങല തീർക്കും. ഇതിന്റെ ഭാഗമായി വാർഡുകളിൽ സംഘാടക സമിതി രൂപീകരിച്ചു പ്രചരണം ആരംഭിച്ചു. സ്‌കൂളുകളും തൊഴിലാളി സംഘടനകളും വ്യാപാരികളും പ്രത്യേകം പോസ്റ്റർ തയ്യാറാക്കി പ്രചരണം നടത്തുന്നുണ്ട്. കുറ്റ്യാടി ടൗണിൽ സംഗമിക്കുന്ന കോഴിക്കോട് റോഡ്, നാദാപുരം റോഡ്, മരുതോങ്കര റോഡ്, എന്നിവിടങ്ങളിൽ ചങ്ങല തീർക്കും. വൈകുന്നേരം 3 മണിക്കാണ് പരിപാടി. ഒരു നാടിനെ മുഴുവൻ മനുഷ്യച്ചങ്ങലയിൽ അണിചേർക്കാനുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ലഹരി മാഫിയയെ കെട്ടുകെട്ടിക്കാൻ ദൃഢ പ്രതിജ്ഞയെടുത്താണ് നീക്കം.പൊതുജനങ്ങൾക്കൊപ്പം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ കുട്ടികളെയും ചങ്ങലയിൽ പങ്കാളികളാക്കും. പരിപാടിയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി 29ന് വനിതകളുടെ ബൈക്ക് റാലിയും 30ന് പുരുഷന്മാരുടെ ബൈക്ക്‌റാലിയും നടക്കും.